Tuesday 4 August 2015

ആഗസ്ത് 11-ന്‍റെ ജനകീയ പ്രതിരോധത്തില്‍ അണിചേരുക

ജനകീയ പ്രതിരോധത്തിന്‍റെ പ്രധാനപ്പെട്ട മുദ്രാവാക്യങ്ങള്‍:
1. കാര്‍ഷികമേഖല തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം
* കാര്‍ഷികപ്രധാനമായ ഇന്ത്യാരാജ്യത്ത്‌ കാര്‍ഷികമേഖല തകരുകയാണ്‌.
* കേന്ദ്ര ബജറ്റില്‍ കാര്‍ഷിക വിഹിതം 150 കോടി കുറഞ്ഞു.
* 2014 ല്‍ 3.7 ശതമാനമായിരുന്ന കാര്‍ഷിക വളര്‍ച്ചാ നിരക്ക്‌ തുച്ഛമായ 1.1 ശതമാനത്തിലേക്ക്‌ താഴ്‌ന്നിരിക്കുകയാണ്‌.
* കര്‍ഷക ആത്മഹത്യയില്‍ 26 ശതമാനം വര്‍ദ്ധനവ്‌ കഴിഞ്ഞ 6 മാസത്തി നിടയില്‍ തന്നെയുണ്ടായി
* ഉല്‍പാദന ചെലവിനേക്കാള്‍ 50 ശതമാനം അധികമായി താങ്ങുവില വര്‍ദ്ധിപ്പിക്കും എന്ന വാഗ്‌ദാനം നടപ്പിലാക്കിയില്ല.
* ഇറക്കുമതിയിലൂടെ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നു.
* കര്‍ഷകരുടെ ഭൂമി കോര്‍പറേറ്റുകള്‍ക്കായി ഏറ്റെടുക്കുന്നു.
* കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം പോലും അസാധ്യമാക്കുന്നു.
* ഇതിനെതിരെ രാജ്യത്താകമാനം പ്രക്ഷോഭം ഉയര്‍ന്നിട്ടുണ്ട്.
രാജ്യത്തിന്‍റെ കാര്‍ഷിക മേഖല സംരക്ഷിക്കാനുള്ള
പോരാട്ടത്തിന്‍റെ ഭാഗമായി
ജനകീയ പ്രതിരോധത്തില്‍ അണിചേരുക.
2. തൊഴില്‍ നിയമങ്ങള്‍ കോര്‍പറേറ്റുകള്‍ക്കായി പൊളിച്ചെഴുതുന്നു
* തൊഴിലാളികളുടെ സംരക്ഷണത്തിനായി ഉണ്ടാക്കിയ നിയമങ്ങള്‍ പൊളിച്ചെഴുതുന്നു.
* സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഒത്താശയോടെ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു
* വ്യവസായ ബന്ധ നിയമം, കരാര്‍ തൊഴില്‍ (നിയന്ത്രണവും ഇല്ലാതാക്കലും) നിയമം, ഫാക്‌ടറി നിയമം തുടങ്ങിയവ പൊളിച്ചെഴുതുന്നു.
* അപ്രന്‍റീസ്‌ഷിപ്പ്‌ നിയമം, ട്രേഡ്‌ യൂണിയന്‍ ആക്‌ട്‌ തുടങ്ങിയവയിലും മാറ്റം വരുത്തുന്നു.
* 58 തൊഴിലാളികളെ വരെ തൊഴിലെടുപ്പിക്കുന്ന കരാറുകാര്‍ക്ക് തൊഴിലാളികളുടെ ബാധ്യതയില്‍ നിന്ന് ഒഴിവ് ലഭിക്കുന്നു.
* 40 തൊഴിലാളികള്‍ വരെ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളെ 14 പ്രധാന തൊഴില്‍ നിയമങ്ങളില്‍ നിന്ന് ഒഴിവാക്കുന്നു.
* ഇ.എസ്‌.ഐ. ആക്ടും ഇ.പി.എഫ്‌. ആക്ടും തൊഴിലാളിവിരുദ്ധമായി ഭേദഗതി ചെയ്യുന്നു.
* സ്ത്രീ തൊഴിലാളികള്‍ക്കുള്ള സംരക്ഷണം എടുത്തുകളയുന്നു.
* ഇത്തരം നിയമങ്ങള്‍ക്കെതിരെ തൊഴിലാളിയൂണിയനുകളെല്ലാം രാഷ്ട്രീയഭേദമെന്യേ സമരരംഗത്ത്
തൊഴില്‍ മേഖലയിലെ ചൂഷണത്തിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി ജനകീയ പ്രതിരോധത്തില്‍ അണിചേരുക
3. ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്നു.
* എന്‍.ആര്‍.ഇ.ജി.എ-യിലെ തൊഴില്‍ 60 ശതമാനത്തോളം കുറഞ്ഞിരിക്കുന്നു.
* 6576 ബ്ലോക്കുകളില്‍ നിന്നും ഈ പദ്ധതി 2500 ബ്ലോക്കുകളിലേക്ക്‌ പരിമിതപ്പെടുത്തുന്നു.
* ബജറ്റ്‌ വിഹിതത്തില്‍ ഫലത്തില്‍ 12,000 കോടി രൂപയുടെ കുറവ്.
* ഗുണഭോക്താക്കളുടെ എണ്ണം 4.79 കോടിയില്‍ നിന്നും 3.60 കോടിയായി കുറഞ്ഞിരിക്കുന്നു.
* സംയോജിത ശിശുവികസന സേവന പദ്ധതിക്കുള്ള കേന്ദ്ര ബജറ്റിലെ വിഹിതം 16590 കോടിയില്‍ നിന്ന്‌ 8677 കോടിയായി വെട്ടിച്ചുരുക്കി.
* പൊതുവിതരണ സംവിധാനം തകര്‍ക്കുന്നു.
* ഭക്ഷ്യസുരക്ഷാ നിയമം പ്രദാനം ചെയ്യുന്ന അപര്യാപ്‌തമായ ഉറപ്പുകള്‍ പോലും ഇല്ലാതാക്കുന്നു.
4. ബി.ജെ.പി അഴിമതിയുടെ ചെളിക്കുണ്ടില്‍
* ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ 2000 കോടി രൂപയുടെ വ്യാപം അഴിമതി
^ പരീക്ഷകളില്‍ വ്യാപകമായ അട്ടിമറി
^ കേസുമായി ബന്ധപ്പെട്ട് 49 ദുരൂഹ മരണം
^ വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ അറസ്റ്റില്‍
* എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് തിരയുന്ന ഐപിഎല്‍ അഴിമതിക്കാരന്‍ ലളിത് മോദിക്ക് വഴിവിട്ട സഹായം
* വസുന്ധരാ രാജെ സിന്ധ്യക്ക് അഴിമതിയിലൂടെ ലളിത് മോദിയുടെ പിറന്നാള്‍ സമ്മാനം.
* ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി ചൗഹാന്‍റെ 3000 കോടി രൂപയുടെ പൊതുവിതരണത്തിലെ തട്ടിപ്പ് .
* ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ടെന്‍ഡറില്ലാതെയുള്ള നടപടിയിലൂടെ കോടികളുടെ അഴിമതി.
അഴിമതിക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി
ജനകീയ പ്രതിരോധത്തില്‍ അണിചേരുക
5. സംസ്ഥാനം സര്‍വത്ര അഴിമതിയില്‍
* കേരള മന്ത്രിസഭയിലെ ആറുപേര്‍ അഴിമതി കേസില്‍ പ്രതികള്‍.
* ധനമന്ത്രി മാണിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയ കുറ്റപത്രം കോടതിയില്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
* 164-ാം വകുപ്പ്‌ പ്രകാരം മൊഴി ഉണ്ടായിട്ടും മന്ത്രി കെ. ബാബുവിനെതിരെ കേസില്ല.
* സോളാര്‍ അഴിമതി
* കടകംപള്ളി-കളമശ്ശേരി ഭൂമി തട്ടിപ്പ്‌ കേസ്‌
* സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസ്‌
* വ്യാജ നഴ്‌സിംഗ്‌ റിക്രൂട്ട്‌മെന്‍റ്
* ഈ അഴിമതിക്കാരുടെയെല്ലാം സംരക്ഷകന്‍ മുഖ്യമന്ത്രി
* ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം, പദ്ധതികള്‍ക്ക്‌ അംഗീകാരം കൊടുക്കല്‍, എന്‍.ഒ.സി. കൊടുക്കല്‍ എന്നിവയിലെല്ലാം അഴിമതി.
6. വിലക്കയറ്റം
വില നിലവാരം 2011നും 2015ഉം തമ്മിലുള്ള താരതമ്യം
* മട്ട അരി - 26.02, 35.00
* ചെറുപയറ് - 74.4, 110.23
* കടലപ്പരിപ്പ് - 40.3, 67.15
* മില്‍മാ പാല്‍ - 22.25, 36.57
* മുട്ട - 33.42, 54.57
* വെളിച്ചെണ്ണ - 74.63, 139.73
* തേങ്ങ - 79.83, 179.27
* വറ്റല്‍മുളക് - 77.35, 119.98
* ചെറിയ ഉള്ളി - 30.46, 55.43
* സവാള - 23.16, 30.52
* ബീന്‍സ് - 31.12, 61.18
* കാബേജ് - 17.6, 29.84
* തക്കാളി - 19.53, 28.77
* പച്ചക്കായ - 25.07, 42.00
* പഞ്ചസാര - 30.29, 27.54
* മഞ്ഞപ്പൊടി - 24.17, 15.38
* വെളുത്തുള്ളി - 13.38, 6.80
* വിലക്കയറ്റം കൊണ്ട്‌ ജനത പൊറുതി മുട്ടുന്നു.
* കുടിവെള്ളം, വൈദ്യുതി, ബസ്‌ ചാര്‍ജ്ജ്‌, പാല്‍, എന്നിവയ്‌ക്കെല്ലാം സര്‍ക്കാര്‍ തന്നെ വില വര്‍ദ്ധിപ്പിച്ചു.
* ഭൂനികുതിയും വര്‍ദ്ധിപ്പിച്ചു.
* റേഷന്‍ സംവിധാനം താറുമാറാക്കി.
* മാവേലി സ്റ്റോര്‍, കണ്‍സ്യൂമര്‍ഫെഡ്‌ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ നോക്കുകുത്തി.
7. മത്സ്യ മേഖല തകര്‍ക്കുന്നു.
* മത്സ്യ മേഖല വറുതിയില്‍
* കോര്‍പ്പറേറ്റുകള്‍ക്കായി മത്സ്യ മേഖല തുറന്ന് കൊടുക്കുന്നു.
* മത്സ്യത്തൊഴിലാളികള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍
* മത്സ്യത്തൊഴിലാളി കടാശ്വാസ നിയമം അട്ടിമറിക്കുന്നു.
* മണ്ണെണ്ണയും കിട്ടാക്കനി.
* സാമൂഹികാ സുരക്ഷാപദ്ധതികള്‍ അട്ടിമറിക്കുന്നു.

ജനകീയ പ്രതിരോധത്തില്‍ അണിചേരുക

Friday 6 February 2015

എന്റെ സര്‍വീസ്ജീവിതത്തിന്റെ 25 വര്‍ഷങ്ങള്‍
ഫെബ്രുവരി 5, 2015 - എന്റെ സര്‍ക്കാര്‍ സര്‍വീസ് ജീവിതം തുടങ്ങിയിട്ട് 25 വര്‍ഷം  തികഞ്ഞ് 26-ആo വര്‍ഷത്തിലേക്ക് കടന്ന ദിവസം. 1990 ഫെബ്രുവരി 5-ന് ന്യൂദില്ലിയിലെ യു.പി.എസ്.സി. ഓഫീസില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് ആയി സര്‍വീസില്‍ പ്രവേശിച്ച ഞാന്‍ ഇന്നും ക്ലര്‍ക്കായി തന്നെ സേവനം തുടരുന്നു. ഇടക്ക് പ്രൊമോഷന്‍ ലഭിച്ചില്ലെന്നല്ല. '90 ആഗസ്തില്‍ കേരള സെന്‍സസ് ഡയറക്റ്ററേറ്റില്‍ ക്ലര്‍ക്ക്-കം-കാഷ്യര്‍ ആയി ഡെപ്യൂട്ടേഷനില്‍ തിരുവനന്തപുരത്ത് തിരിച്ചെത്തി. '92 നവംബറില്‍ ഏജീസ് ഓഫീസില്‍ ക്ലര്‍ക്ക് ആയി നിയമനം കിട്ടിയതിനെ തുടര്‍ന്ന് ഡിസംബര്‍ 4-ന് ക്ലര്‍ക്ക്/ടൈപ്പിസ്റ്റ് ആയി ജോലിയില്‍ പ്രവേശിച്ചു. '96-ലെ 5-)൦ ശമ്പള കമ്മീഷന്‍ ശുപാര്‍ശകളുടെ ഭാഗമായി വന്ന ACP സ്കീം അനുസരിച്ച്‌ ഒരേ തസ്തികയില്‍ 12 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഗ്രേഡ് പ്രൊമോഷന്‍ ലഭിക്കും. അങ്ങനെ 2002 ഫെബ്രുവരിയില്‍ അക്കൗണ്ടന്‍റ് തസ്തികക്കുള്ള ശമ്പള സ്കെയില്‍ ലഭിച്ചു. 2006 ജനുവരി 1-ന് അക്കൗണ്ടന്‍റ് ആയി പ്രൊമോഷന്‍ ലഭിച്ചു. പക്ഷെ 2006 നവംബര്‍ 30-ന് ഓഫീസിലെ സഹപ്രവര്‍ത്തകനും സഖാവും ആയ സ: എസ്.വി. സന്തോഷ്കുമാറിനെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് (ഏജീസ് ഓഫീസില്‍ ചെയ്യേണ്ട പെന്‍ഷന്‍ ജോലികള്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് ഔട്ട്‌സോഴ്സ് ചെയ്തതിലെ അശാസ്ത്രീയതയും അപ്രായോഗികതയും ജീവനക്കാരുടെ ഒരു പരിശീലനയോഗത്തില്‍ എ.ജി.യോട് തന്നെ ചൂണ്ടിക്കാണിച്ചത് ഇഷ്ടപ്പെടാഞ്ഞ എ.ജി. അവിടെ വെച്ച് തന്നെ സന്തോഷിനെ സസ്പെന്‍ഡ് ചെയ്യുന്നതായി പ്രഖ്യാപിക്കുകയായിരുന്നു) നടന്ന ഒരു നിമിഷം പോലും ഓഫീസ് ജോലി തടസ്സപ്പെടുത്താതെയും പണിമുടക്കാതെയും ഉള്ള പ്രതിഷേധസമരത്തില്‍ പങ്കെടുത്തതിന് കള്ളക്കേസില്‍ പെടുത്തി കള്ളസാക്ഷികളെയും കള്ളവക്കീലിനെയും ഉപയോഗിച്ച് എ.ജി.യെ വഴി തടഞ്ഞതായി തെളിയിച്ച് 2008 ഏപ്രില്‍ 29-ന് എന്നെ വീണ്ടും ക്ലര്‍ക്കാക്കി. '90-ല്‍ 950/- രൂപയായിരുന്നു അടിസ്ഥാന ശമ്പളം എങ്കില്‍ ഇന്നത് 7780/- (5880+1990) ആയെന്നുമാത്രം. പോരാട്ടങ്ങള്‍ തുടരുന്നു. ഏജീസ് ഓഫീസിലെ എന്റെ സംഘടനയായ ഓഡിറ്റ്‌ ആന്‍ഡ് അക്കൗണ്ട്സ് അസോസിയേഷന്‍ ലക്ഷങ്ങള്‍ ചെലവാക്കി എനിക്ക് വേണ്ടി കൊച്ചിയിലെ കേന്ദ്ര സര്‍വീസ് ട്രിബ്യൂണലില്‍ തുടങ്ങി സുപ്രീം കോടതി വരെ നിയമപ്പോരാട്ടം നടത്തിയതിനെ തുടര്‍ന്ന് തരം താഴ്ത്തല്‍ ശിക്ഷയുടെ കാലാവധി ആദ്യം 7 വര്‍ഷം എന്ന് തീരുമാനിച്ചെങ്കിലും ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്‍റ് ജനറല്‍ ശ്രീ. കെ.കെ. ശ്രീവാസ്തവ എന്റെ അപ്പീല്‍ പരിഗണിച്ച് ശിക്ഷയുടെ കാലാവധി 5 വര്‍ഷം എന്നാക്കി പുനര്‍നിര്‍ണയിച്ചിരിക്കുന്നു. അതുപ്രകാരം എനിക്ക് 2013 ഏപ്രില്‍ 29 മുതല്‍ അക്കൗണ്ടന്‍റ് ആയി നിയമനം ലഭിക്കണം. അതെ.....പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല. വീണ്ടും അതിശക്തമായ പോരാട്ടങ്ങളുടെ നാളുകളാണ് നമ്മുടെ മുമ്പില്‍. പതറാതെ, ഇടറാതെ ഇനിയും മുന്നോട്ട്........ലാല്‍ സലാം....!

Thursday 15 January 2015

സ: കെ.എന്‍. വിജയകുമാറിനെ അനുസ്മരിക്കുമ്പോള്‍....

കേരള ഏജീസ് ഓഫീസിലെ ഓഡിറ്റ്‌ & അക്കൗണ്ട്സ് അസോസിയേഷന്‍ കണ്‍വീനറായിരുന്ന
സ: കെ.എന്‍. വിജയകുമാര്‍ അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ജനുവരി 16-ന് ഒരു വര്‍ഷം തികയുന്നു. 1987 ഫെബ്രുവരിയില്‍ തിരുവനന്തപുരം അക്കൗണ്ടന്‍റ് ജനറല്‍ ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ച സഖാവ് തന്റെ വിദ്യാര്‍ത്ഥിജീവിതകാലത്ത് തന്നെ തുടങ്ങിയ ഇടതുപക്ഷ പുരോഗമന ശക്തികളോടുള്ള ആഭിമുഖ്യം സര്‍വീസ് ജീവിതത്തിലും തുടര്‍ന്നു; സ്വാഭാവിക മായും അന്നത്തെ ഏജീസ് ഓഫീസ് എന്‍.ജി.ഒ. അസോസിയേഷന്റെ സജീവ പ്രവര്‍ത്തകരിലൊ രാളായി മാറി. ആദ്യ നാളുകളില്‍ തന്നെ ഓഫീസിലെ കാന്റീന്‍ ഭരണസമിതിയില്‍ സംഘടനയെ പ്രധിനിധീകരിച്ച് പ്രവര്‍ത്തിച്ചു. '90-ല്‍ സംഘടനയുടെ ട്രഷററായി. '92-ല്‍ കോട്ടയം ബ്രാഞ്ചാഫീ സിലേക്ക് സ്ഥലം മാറ്റം ലഭിച്ച സഖാവ് അന്നുമുതല്‍ 2005-ല്‍ തിരിച്ച് തിരുവനന്തപുരത്തേക്ക് വരുന്നതുവരെ സംഘടനയുടെ അവിടത്തെ കണ്‍വീനര്‍ ആയിരുന്നു. 2005-ല്‍ അക്കൗണ്ട്സ് അസോസിയേഷന്‍-3 ജനറല്‍ സെക്രട്ടറിയായ സഖാവ് 2007 മുതല്‍ ഓഡിറ്റ്‌ ആന്‍റ് അക്കൗണ്ട്സ് അസോസിയേഷന്‍ കണ്‍വീനറുമായിരുന്നു.

2006 ജൂണില്‍ സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 'ഒരു റാങ്ക് - ഒരു പെന്‍ഷന്‍' സ്കീം പ്രകാരം പെന്‍ഷന്‍ പരിഷ്കരിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി. ഭരണഘടനാപരമായി ഏജീസ് ഓഫീസില്‍ ചെയ്യേണ്ട ജോലി അന്നത്തെ എ.ജി. വി. രവീന്ദ്രന്‍ തനിക്ക് താല്പര്യമുള്ള ഒരു സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തെ ഏല്‍പിക്കാന്‍ നടത്തിയ നീക്കം പുന:പരിശോധിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഔട്ട്‌സോഴ്സിംഗുമായി മുന്നോട്ട് പോയ എ.ജി. ഇതുസംബന്ധ മായി വിളിച്ചുചേര്‍ത്ത ഒരു യോഗത്തില്‍ ഈ തീരുമാനത്തിന്റെ പ്രായോഗിക വൈഷമ്യം ചൂണ്ടി ക്കാട്ടിയ സ: എസ്.വി. സന്തോഷ്കുമാറിനെ അവിടെ വെച്ചുതന്നെ സസ്പെന്‍റ് ചെയ്തു. തുടര്‍ന്ന് ജീവനക്കാര്‍ സംഘടനാഭേദമെന്യേ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. എല്ലാ സംഘടനകളും യോഗം ചേര്‍ന്ന് രൂപീകരിച്ച സംയുക്തസമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഔട്ട്‌സോഴ്സിംഗ് നീക്കം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പത്രക്കുറിപ്പ് ഇറക്കി. എന്നാല്‍ കോണ്‍ഗ്രസ്-ബി. ജെ.പി. അനുകൂല സംഘടനകളുടെയും കാറ്റഗറി സംഘടനകളുടെയും നേതൃത്വങ്ങളെ ഭീഷണിപ്പെടുത്തി യും പ്രലോഭിപ്പിച്ചും തന്റെ വശത്താക്കുന്നതില്‍ എ.ജി. രവീന്ദ്രന്‍ വിജയിച്ചു. പിന്നീട് അവരുടെ നിയോഗം ഒറ്റുകാരുടേത് ആയിരുന്നു. എ.ജി.യുടെ ജനാധിപത്യവിരുദ്ധ നിലപാടിനെതിരായുള്ള നിവേദനങ്ങളും പ്രതിഷേധപ്രകടനങ്ങളും ഫലം കാണാത്തതിനെത്തുടര്‍ന്ന് ഡിസംബര്‍ 19 മുതല്‍ ധര്‍ണ ആരംഭിച്ചു. സസ്പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് അന്ന് മുഖ്യമന്ത്രി ആയിരുന്ന സ: വി.എസ്-ന് എ.ജി. വാക്ക് കൊടുത്തതിനെ തുടര്‍ന്ന് 26-ന് സമരം നിര്‍ത്തി. എ.ജി. വാക്ക് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് 2007 ജനുവരി 12-ന് വൈകുന്നേരം ഓഫീസ് സമയത്തിനുശേഷം പ്രകടനം നടത്തിയ സ്ത്രീകളടക്കമുള്ള ജീവനക്കാരെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചു. ജനുവരി 15 മുതല്‍ അനിശ്ചിതകാല റിലേ നിരാഹാരം തുടങ്ങി. 18-ന്  സ: സന്തോഷ്കുമാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതായും പെന്‍ഷന്‍ ജോലികള്‍ ഔട്ട്‌സോഴ്സ് ചെയ്യാനുള്ള തീരുമാനം റദ്ദാക്കുന്ന തായും എ.ജി. അറിയിച്ചതിനെത്തുടര്‍ന്ന് അസോസിയേഷന്‍ സമരം നിര്‍ത്തി.

എന്നാല്‍ പെന്‍ഷന്‍ പരിഷ്കരണജോലികള്‍ തുടങ്ങുന്നതിനുപകരം അസോസിയേഷന്റെ പ്രവര്‍ ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ പ്രതികാരനടപടികള്‍ എടുക്കാനും അസോസിയേഷനെ തന്നെ തകര്‍ക്കാനും ഉള്ള നീക്കങ്ങള്‍ മാത്രമായിരുന്നു എ.ജി.യുടെ ഭാഗത്ത് നിന്നും ഉണ്ടായത്. തിരുവനന്തപുരത്ത് മെയിന്‍ ഓഫീസിലും തൃശ്ശൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം എന്നീ ബ്രാഞ്ച് ഓഫീസുകളിലുമായി അസോസിയേഷന്‍ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് കുറ്റപത്രങ്ങ ളും മെമ്മോകളും നല്‍കി. 600-ഓളം മെമ്മോകളാണ് നല്‍കിയത്. എ.ജി.യുടെ പ്രതികാരനടപടി കള്‍ക്കെതിരെ 2007 ജൂണ്‍ 12-ന് വി.ജെ.ടി. ഹാളില്‍ ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സ: പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സ: വി. ശിവന്‍കുട്ടി എം.എല്‍.എ. ചെയര്‍മാനും കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ: എം. കൃഷ്ണന്‍ കണ്‍വീനറും സ: വര്‍ക്കല രാധാകൃഷ്ണന്‍ എം.പി. രക്ഷാധികാരിയും വിവിധ സംഘടനാ നേതാക്കള്‍ അംഗങ്ങളും ആയ ഒരു സമരസഹായസമിതി രൂപീകരിക്കപ്പെട്ടു. ഒക്ടോബര്‍ 15 മുതല്‍ 18 വരെ റിലേ നിരാഹാരം അനുഷ്ഠിച്ചു. സൂപ്പര്‍വൈസറി കാറ്റഗറിയില്‍ പെട്ട 40 ജീവനക്കാര്‍ക്ക് 3 വര്‍ഷത്തെ ഇന്‍ക്രിമെന്‍റ് തടഞ്ഞുകൊണ്ടും സ: എസ്. അനിലിനെ സസ്പെന്‍റ് ചെയ്തുകൊണ്ടുമാണ് ആ പ്രതിഷേധസമര ത്തെ എ.ജി. നേരിട്ടത്. ഓഫീസിനകത്ത് പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ട് സ: വി. ശിവന്‍കുട്ടിക്ക് എ.ജി. കത്ത് നല്‍കിയത് അന്ന് വിവാദമായിരുന്നു. തുടര്‍ന്ന് നവംബര്‍ 5-ന് അനിശ്ചിതകാല നിരാഹാരസമരത്തിന് സംഘടന തീരുമാനിച്ചു. ഓഫീസിനകത്ത് സെക്ഷനുകളിലും ഇടനാഴികളി ലും ഓഫീസ് പരിസരത്ത് മുക്കിലും മൂലയിലും ക്യാമറകള്‍ സ്ഥാപിച്ചും അസോസിയേഷന്‍ പ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ മാത്രമായി കരിങ്കാലി സംഘടനാ നേതാക്കളെ ചുമതലപ്പെടുത്തി ക്കൊണ്ടുള്ള ഉത്തരവുകള്‍ ഇറക്കിയും എല്ലാ ഗേറ്റിലും ബാരിക്കേഡ് തീര്‍ത്ത് ഓഫീസും പരിസ രവും ഒരു എ.സി.പി.യുടെ കീഴില്‍ ബന്തവസ് ആക്കിയും ആണ് എ.ജി. സമരത്തെ നേരിടാന്‍ തയ്യാറായത്. സംഘശക്തിയുടെ മുന്നില്‍ ബാരിക്കേഡും പോലീസ് ബന്തവസും നിഷ്പ്രഭമായി.
സ: അനിലിനെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാമെന്നും കുറ്റപത്രവും മെമ്മോകളും നല്‍കി യ കേസുകളില്‍ അനുഭാവപൂര്‍ണമായ നടപടികളേ ഉണ്ടാകൂ എന്നും അധികാരികള്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് 37 ദിവസം നീണ്ടുനിന്ന നിരാഹാരസമരം ഡിസംബര്‍ 11-ന് അവസാ നിച്ചു. ഇന്ത്യന്‍ ഓഡിറ്റ്‌ & അക്കൗണ്ട്സ് ഡിപ്പാര്‍ട്മെന്റില്‍ (ഐ.എ&എ.ഡി) എക്കാലത്തും നടന്ന തുപോലെ ഇത്തവണയും അധികാരികള്‍ ജീവനക്കാരെ വഞ്ചിച്ചു. സ: അനിലിനെ തിരിച്ച് സര്‍ വീസില്‍ പ്രവേശിപ്പിച്ചു എങ്കിലും മറ്റെല്ലാ ഉറപ്പുകളും അവര്‍ കാറ്റില്‍ പറത്തി. കേരളത്തിലെ ഏജീസ് ഓഫീസില്‍ നടക്കുന്ന പ്രതികാരനടപടികളില്‍ പ്രതിഷേധിച്ച് 2010 ഏപ്രില്‍ 8-ന് രാജ്യവ്യാ പകമായി എല്ലാ ഓഡിറ്റ്‌-അക്കൗണ്ട്സ് ഓഫീസുകളിലും അഖിലേന്ത്യാ ഓഡിറ്റ്‌ ആന്‍റ് അക്കൗണ്ട്സ് അസോസിയേഷന്റെ ആഹ്വാനം അനുസരിച്ച്‌ നടന്ന പ്രതിഷേധദിനാചരണത്തില്‍ പങ്കെടുത്ത രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് ജീവനക്കാരുടെ 3 വര്‍ഷം വരെയുള്ള ഇന്‍ക്രിമെന്‍റ് തടഞ്ഞു.

പാര്‍ലമെന്റ് പാസാക്കിയ 'നാഷണല്‍ ലിറ്റിഗേഷന്‍ പോളിസി' അനുസരിച്ച് വ്യക്തികളുടെ മേലു ള്ള ശിക്ഷാനടപടികളില്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തീര്‍പ്പ് അന്തിമമായി കരുതേണ്ടതാണ്. ഇത്തരം കേസുകളില്‍ ഉയര്‍ന്ന കോടതികളില്‍ അപ്പീല്‍ പോകാന്‍ പാടില്ല എന്ന് ഈ നയം അസന്ദിഗ്ധമായി അനുശാസിക്കുന്നു. എന്നാല്‍ ഇതിന് കടകവിരുദ്ധമായി ട്രൈബ്യൂണ ലിന്റെ കൊച്ചി ബെഞ്ചിന്റെ എല്ലാ വിധികളിന്മേലും ഹൈക്കോടതിയിലും സുപ്രീംകോടതിയി ലും അപ്പീല്‍ പോകാനായിരുന്നു അന്നത്തെ സി.&എ.ജി വിനോദ് റായ്-യുടെയും മറ്റ് അധികാരി കളുടെയും തീരുമാനം. കേരള ഏജീസ് ഓഫീസിലെ ശിക്ഷാ നടപടികള്‍ എല്ലാം നിയമവിരുദ്ധ മെന്ന് കണ്ടെത്തുകയും അധികാരികളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു ട്രൈബ്യൂണല്‍.

സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡണ്ടായിരുന്ന സ: എം.കെ. പാന്ഥെ കേരളത്തിലെ ഏജീസ് ഓഫീസില്‍ നടക്കുന്ന മനുഷ്യാവകാശ, ട്രേഡ് യൂണിയന്‍ അവകാശ ലംഘനങ്ങള്‍ 2008 നവംബ റില്‍ ഐ.എല്‍.ഓ. (അന്താരാഷ്‌ട്ര തൊഴില്‍ സംഘടന) യുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് ഐ.എല്‍.ഓ. കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ചോദിച്ചു. ഇതിന്റെ പേരിലും സംഘടനക്കെതിരെ പ്രതികാരനടപടികള്‍ക്കാണ് അധികാരികള്‍ ശ്രമിച്ചത്. ഓഡിറ്റ്‌ അസോസി യേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സ: കെ.എ. മാനുവലിനെയും സ: എസ്. അനിലിനെയും പിരിച്ചുവിട്ടതിനുശേഷമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ട്രേഡ് യൂണിയന്‍ അവകാശങ്ങളില്ലെന്നും അധികാരികള്‍ അനുവദിക്കുന്ന വളരെ പരിമിതമായ സംഘടനാപ്രവര്‍ത്തനത്തിന് മാത്രമേ അവര്‍ക്ക് അര്‍ഹതയുള്ളുവെന്നും പ്രഖ്യാപിക്കുന്ന നിഷേധാത്മകമായ മറുപടി കേന്ദ്രസര്‍ക്കാര്‍ ഐ.എല്‍.ഓ.ക്ക് നല്‍കിയത്. സര്‍ക്കാരിന്റെ ഈ നിലപാട് തള്ളിക്കൊണ്ടാണ് കേരളത്തിലെ ഏജീസ് ഓഫീസില്‍ നടക്കുന്ന ഗുരുതരവും നിയമവിരുദ്ധവുമായ മനുഷ്യാവകാശലംഘനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും കേന്ദ്ര സര്‍വീസ് സംഘടനകളുടെ അംഗീകാരച്ചട്ടങ്ങളിലെ തൊഴി ലാളിവിരുദ്ധമായ 5, 6, 8 എന്നീ ഖണ്ഡികകള്‍ എടുത്തുകളയണമെന്നും ഐ.എല്‍.ഓ. കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. രണ്ടു പിരിച്ചുവിടല്‍ ഉള്‍പ്പെടെ 120-ഓളം പേരെയാണ് തരം താഴ്ത്തലിനും 10 വര്‍ഷം വരെ ഇന്‍ക്രിമെന്‍റ് തടയുന്നതിനും പ്രൊമോഷന്‍ നിഷേധിക്കുന്നതിനും വിധേയമാക്കിയത്.

2005-ല്‍ തിരുവനന്തപുരത്തെത്തിയ സഖാവ് വിജയകുമാറിന്റെ ദൗത്യം ഈ പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കുക എന്നതായിരുന്നു. നിയമപ്പോരാട്ടത്തിലും വിജയം നേടാനായത് ആ പോരാട്ടത്തിന്റെ കൂടെ ഫലമായാണ്. മരണം വരെയും വിശ്രമമില്ലാതെയുള്ള പോരാട്ടമായി രുന്നു സഖാവ് നടത്തിയത്. കേരളത്തിലെ  ഇടതുപക്ഷ-പുരോഗമന ചിന്താഗതിക്കാരായ എല്ലാ സംഘടനകളുടെയും നല്ല മനുഷ്യരുടെയും പിന്തുണ ഈ പോരാട്ടത്തിന് ലഭ്യമാകുന്നതിലും സഖാവ് വഹിച്ച പങ്ക് വിസ്മരിക്കാവുന്നതല്ല. സഖാവിന്റെ ദീപ്തമായ സ്മരണക്കുമുമ്പില്‍ ഒരായിരം അശ്രുപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.