Thursday 2 November 2017

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ 2016 നവംബർ 8-നു രാത്രി രാജ്യത്തിന്റെ പ്രധാനമന്ത്രി പിൻവലിച്ചപ്പോൾ രാജ്യത്ത് നിലവിൽ ഉണ്ടായിരുന്ന നോട്ടുകളേക്കാൾ കൂടുതൽ നോട്ടുകൾ രാജ്യത്തെ ബാങ്കുകൾ വഴി റിസർവ് ബാങ്കിൽ എത്തിയിട്ടുണ്ട്. ആ കണക്കാണ് റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ പുറത്തുവിടാൻ മടിക്കുന്നത്. എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാഞ്ഞിട്ടല്ല; മറിച്ച് കള്ളപ്പണം വെളുപ്പിക്കാൻ കുത്തകകൾക്കും നികുതിവെട്ടിപ്പുകാർക്കും സ്വകാര്യ ബാങ്കുകൾ വഴി അവസരം ഉണ്ടാക്കാനാണ് ഈ നീക്കം നടത്തിയത്. കൂടാതെ ബി.ജെ.പി.-ക്കും ആർ.എസ്.എസ്.-നും സംഘപരിവാരത്തിലെ വിവിധ സംഘടനകൾക്കും വിദേശത്തുനിന്നും സ്വദേശത്തുനിന്നും കിട്ടിയ കണക്കിൽ പെടുത്താനാകാത്ത പണം വെളുപ്പിക്കാനും ഈ അവസരം ഉപയോഗിച്ചു. പൊതു മേഖലാ ബാങ്കുകളേക്കാൾ വിവിധ സ്വകാര്യ ബാങ്കുകൾ വഴിയാണ് പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ കൂടുതൽ വിപണിയിലേക്ക്‌ ഇറക്കിയത് എന്ന സത്യം മാധ്യമങ്ങൾ പോലും അന്നും ഇന്നും പറയാൻ മടിച്ചു; മടിക്കുന്നു. രാജ്യത്തെ ഇത്ര ഭയാനകമായ രീതിയിൽ കൊള്ളയടിച്ചതിനു പിന്നിലെ ഗൂഢാലോചനക്ക് ചരട് വലിച്ചവരെയും പിന്നിലും മുന്നിലും പ്രവർത്തിച്ചവരെയും തുറന്നു കാണിക്കാനും സത്യം ജനങ്ങളെ ബോധ്യപ്പെടുത്താനും ഈ ഭരണം നിലനിൽക്കുമ്പോൾ കഴിയില്ല. അതുകൊണ്ടുതന്നെ ഈ ഭരണം മാറേണ്ടത് രാജ്യത്തിന്റെ നിലനിൽപിന് ആവശ്യമാണ്. വർഗീയമായും വംശീയമായും ജാതി, മതം, ഭക്ഷണം, വിശ്വാസം, ഭാഷ, വസ്ത്രം, പ്രാദേശികത, ദേശീയത, തുടങ്ങിയ സങ്കുചിതമായ ചിന്തകൾ ജനങ്ങളിൽ വളർത്തുക വഴി രാജ്യത്തിന്റെ അഖണ്ഡതക്കും; രാജ്യങ്ങൾ തമ്മിലും മറ്റ് രാജ്യങ്ങൾക്കകത്തും ഇത്തരം വികാരങ്ങൾ ഉയർത്തിക്കൊണ്ട് ലോകമാകെ സംഘർഷാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്ന അമേരിക്ക-ഇസ്രായേൽ കൂട്ടുകെട്ടിന്റെ താൽപര്യങ്ങൾക്ക് സർവവിധ പിന്തുണയും കൊടുക്കുക വഴി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും ഭീഷണി ഉയർത്തുക കൂടിയാണ് ഈ സർക്കാർ. എത്രയും പെട്ടെന്ന് ഈ സർക്കാർ അധികാരത്തിൽ നിന്ന് പുറത്തുപോകണം. ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള നീണ്ടുനിൽക്കുന്ന തുടർച്ചയായ പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കുക മാത്രമേ നമുക്ക് പോംവഴിയായുള്ളു. അതിനു തയ്യാറെടുക്കാൻ ഓരോരുത്തരും തയ്യാറാകുക; മറ്റുള്ളവരെ തയ്യാറാക്കുക. നവംബർ 9  മുതൽ എല്ലാ ദേശീയവും പ്രാദേശികവുമായ ട്രേഡ് യൂണിയനുകളുടെയും കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ദില്ലിയിലും അതിന് അനുബന്ധമായി രാജ്യമാകെയും നടക്കുന്ന പ്രക്ഷോഭങ്ങൾ '90 മുതൽ രാജ്യത്ത് നടന്നുവരുന്ന സമരങ്ങളുടെ ഒരു സുപ്രധാന നാഴികക്കല്ലാകട്ടെ.....