Friday 26 February 2010

ലജ്ജിക്കുക നാം ഓരോരുത്തരും

ആരും കണ്ടിട്ടില്ലാത്ത ഒരു സരസ്വതീസങ്കല്പം ഒരു സുന്ദരിയുടെതായപ്പോള്‍ അത് പൂജാ മുറിയില്‍ വെച്ച് ആരാധിക്കാം. ഒരു ചിത്രകാരന്റെ ഭാവനയില്‍ അതിനു വേറൊരു ഭാവവും രൂപവും വന്നപ്പോള്‍ അത് വരച്ച ചിത്രകാരന്റെ ജാതി നോക്കി -കൊള്ളൂല്ല; അയാള്‍ പടിഞ്ഞാറിന്റെ അടിമയുമല്ല-എങ്കില്‍ അയാളെ കൊല്ലുക തന്നെ. ആക്രോശമായി; ഭീഷണിയായി. അയാള്‍ നാട് വിട്ടു പലായനം ചെയ്തപ്പോള്‍ ഒരിക്കലും ഒരു പ്രദേശത്തും തിരിച്ചുവരാതിരിക്കാന്‍ രാജ്യത്തെ ആയിരത്തോളം കോടതികളില്‍ അയാള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍..എന്നിട്ടിപ്പോള്‍ ഈ വര്‍ഗീയ ഭ്രാന്തന്മാരോട് മാപ്പ് പറഞ്ഞാല്‍ തിരിച്ചു വരാന്‍ അനുവദിക്കാമത്രേ!! രാജ്യം ഒരു ഭ്രാന്താലയം ആയിരിക്കുന്നു. ഭാരതത്തിന്റെ പാരമ്പര്യം ഹിന്ദു മതത്തിന്റെയല്ല. ഇന്ന് ഹിന്ദു മതം എന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് ബ്രാഹ്മണ മതം ആണ്. അത് ഭൂരിപക്ഷത്തിന്റെ മാത്രം അഭിപ്രായം മാനിക്കുന്ന പാരമ്പര്യം അല്ല. വിശ്വാസിക്കും അവിശ്വാസിക്കും ഒരേ പോലെ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ജനാധിപത്യത്തില്‍ അടിയുറച്ചതാണ്. ഹിന്ദു-മുസ്ലിം വര്‍ഗീയ വാദികള്‍ക്ക് വേണ്ടി മുട്ട് മടക്കുന്ന; നട്ടെല്ലില്ലാത്ത ഒരു ഭരണകൂടം-രാജ്യത്തെ പൌരനു സ്വതന്ത്രമായി ജീവിക്കാന്‍ ആകുന്ന അവസ്ഥ നല്‍കാന്‍ കഴിവില്ലാത്ത ഭരണക്കാരും കോടതിയും സെകുലര്‍ എന്ന് നൂറു വട്ടം പറയുന്ന രാഷ്ട്രീയ പാര്‍ട്ടികളും ഈ രാജ്യത്തെ എവിടെ എത്തിച്ചിരിക്കുന്നു എന്ന് നോക്കുക...നാം ഓരോരുത്തരും ഇതിനു ഉത്തരവാദികള്‍ ആണ്...വയോവൃദ്ധനായ ഈ കലാകാരനെ അദ്ദേഹത്തിന്‍റെ ജന്മദേശത്ത്, സ്വന്തം മണ്ണില്‍ ജീവിക്കാനും മരിക്കാനും അവകാശം നല്‍കാത്ത ഈ അവസ്ഥക്ക് അദ്ദേഹത്തോട് നമുക്ക് മാപ്പ് ചോദിക്കാം, മാപ്പര്‍ഹിക്കുന്നില്ല നാം എങ്കിലും...