Sunday, 13 January 2013

ജനുവരി 8 മുതല്‍ കേരളത്തിലെ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന അനിശ്ചിതകാലപണിമുടക്കിന് ഏജീസ് ഓഫീസ് ജീവനക്കാരുടെ സംഘടനയായ ആഡിറ്റ് ആന്‍ഡ്‌ അക്കൗണ്ട്സ് അസോസിയേഷന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഭാവിതലമുറയുടെ സാമൂഹ്യസുരക്ഷിതത്വം ഉറപ്പാക്കാന്‍ വേണ്ടി കൂടി നടക്കുന്ന ത്യാഗപൂര്‍ണമായ ഈ സമരം വിജയിക്കേണ്ടതും പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഇവിടെ നടപ്പാക്കപ്പെടുന്നില്ല എന്ന്  ഉറപ്പ് വരുത്തേണ്ടതും യുവജനങ്ങളുടെയും  വിദ്യാര്‍ത്ഥികളുടെയും സ്ത്രീകളുടെയും കടമയാണ്. നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം ഇല്ലാതായാല്‍ വിഖ്യാതമായ കേരളാ മോഡല്‍ വികസനം എന്നതും കാലക്രമത്തില്‍ ഇല്ലാതാകും. മാത്രമല്ല സര്‍ക്കാര്‍ജീവനത്തിന്റെ ഈ ആകര്‍ഷണീയതയും സുരക്ഷിതത്ത്വവും ഇല്ലാതാകുന്നതോടെ സര്‍വീസിന്റെ മേന്മയും മെച്ചവും നഷ്ടമാകും. 2004 മുതല്‍ കേന്ദ്ര സര്‍വീസിലും കേരളം, ബംഗാള്‍, ത്രിപുര എന്നിവ ഒഴിച്ചുള്ള സംസ്ഥാന സര്‍വീസുകളിലും പുതിയതായി സര്‍വീസില്‍ കയറിയവര്‍ക്ക് ഈ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണ് നടപ്പിലാക്കപ്പെടുന്നത്. ഇതുവരെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുകയുടെ കൃത്യമായ കണക്കു സൂക്ഷിക്കാനോ ഇതെങ്ങിനെ കൈകാര്യം ചെയ്യണമെന്നോ പെന്‍ഷന്‍ഫണ്ട്‌ മാനേജര്‍മാര്‍ ആരായിരിക്കണമെന്നോ ജീവനക്കാരുടെ വിഹിതത്തിനു തുല്യമായ സര്‍ക്കാര്‍ വിഹിതം ബഡ്ജറ്റുകളില്‍ മാറ്റിവെക്കാനോ ഒരു സര്‍ക്കാരും തയ്യാറായിട്ടില്ല എന്നുള്ളത് ഈ പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് തന്നെ അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ്. പഞ്ചായത്തുതലം മുതല്‍ പാര്‌ലമെന്റു വരെയുള്ള ജനപ്രതിനിധികളുടെ കാര്യത്തിലോ പ്രതിരോധസേനാംഗങ്ങളുടെ കാര്യത്തിലോ ഈ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകാത്തത് ഇതിന്റെ സുരക്ഷിതത്വമില്ലായ്മയുടെ പ്രകടമായ തെളിവാണ്. സംസ്ഥാന ഗസറ്റഡ് ജീവനക്കാരുടെ പേസ്ലിപ് സമ്പ്രദായം ഇല്ലാതാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം തലയ്ക്കു മേലെ തൂങ്ങി കിടക്കുമ്പോഴാണ് കാലക്രമത്തില്‍ സംസ്ഥാന ജീവനക്കാരുടെ പി.എഫ്-ഉം പെന്‍ഷനും ഇല്ലാതാകുന്ന ഈ പുതിയ തീരുമാനവും സംസ്ഥാന സര്‍ക്കാര്‍ തന്നെ എടുക്കുന്നത്. അക്കൗണ്ടന്റ് ജനറല്‍ ആഫീസില്‍ ഇനി അക്കൗണ്‍ടിംഗ് വിഭാഗം തന്നെ ഭാവിയില്‍ ഇല്ലാതാകുന്ന സ്ഥിതിയാണ് ഉണ്ടാകാന്‍ പോകുന്നത്. ഏജീസ് ഓഫീസ് ജീവനക്കാരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം എന്നതു കൊണ്ടു തന്നെ ഈ സമരം വിജയിക്കേണ്ടത് ഏജീസ് ഓഫീസ് ജീവനക്കാരുടെ കൂടെ ആവശ്യമാണ്‌ എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഈ സമരത്തിന് ഓഡിറ്റ്‌ ആന്‍ഡ്‌ അക്കൗണ്ട്സ് അസോസിയേഷന്‍ എല്ലാ വിധ പിന്തുണയും അറിയിക്കുന്നു.

No comments:

Post a Comment