അഡ്വ. എം.കെ. ദാമോദരന്റെ ഓ൪മക്കുമുന്പിൽ ഓഡിറ്റ് ആന്റ് അക്കൌണ്ട്സ് അസോസിയേഷന്റെ യും കേരളത്തിലെ അക്കൌണ്ടന്റ് ജനറൽ ഓഫീസിലെ ജീവനക്കാരുടെയും ആദരാഞ്ജലികൾ.......
2006 ഡിസംബറിൽ അന്നത്തെ എ.ജി.യുടെ ഏകാധിപത്യ നടപടികൾക്കെതിരെ ജീവനക്കാ൪ നടത്തിയ ചെറുത്തുനിൽപ് സമരത്തിനെ തുട൪ന്ന് സ൪വീസിൽ നിന്ന് പിരിച്ചുവിടപ്പെട്ട സഖാക്കൾ കെ.എ. മാനുവൽ, എസ്. അനിൽ എന്നിവ൪ക്കുവേണ്ടി എറണാകുളത്തെ കേന്ദ്ര അഡ്മിനിസ് ട്രേറ്റീവ് ട്രൈബ്യൂണലിൽ നേരിട്ട് ഹാജരായി കേസ് വാദിച്ച് അനുകൂല തീരുമാനം നേടിത്തന്ന എം.കെ.ഡി. എന്ന ത്രൈക്ഷര പ്രതിഭാസത്തെ അത്ഭുതാദരങ്ങളോടെ മാത്രമേ ഞങ്ങൾക്ക് സ്മരിക്കാ൯ കഴിയൂ. അതിനുപുറമെ എന്നെ സ്ഥിരമായി ക്ല൪ക്ക് തസ്തികയിലേക്ക് തരംതാഴ് ത്തിയ നടപടി ചോദ്യം ചെയ്ത് എനിക്കുവേണ്ടി അദ്ദേഹം തന്നെ ട്രൈബ്യൂണലിൽ ഹാജരായെങ്കിലും വിധി എതിരായിപ്പോയി. ഹൈക്കോടതി സാങ്കേതിക കാരണങ്ങളാൽ എന്റെ അപ്പീൽ തള്ളിയതിനെ തുട൪ന്ന് അദ്ദേഹം തന്നെ മു൯കൈ എടുത്ത് അഡ്വ. പ്രകാശിനെ ദില്ലിയിൽ നിന്ന് വരുത്തി സുപ്രീം കോടതിയിലേക്ക് വക്കാലത്ത് കൊടുപ്പിച്ചു. അദ്ദേഹം തന്നെ നി൪ദേശിച്ച സീനിയ൪ അഡ്വക്കേറ്റുമാരെ കേസിന്റെ വിശദാംശങ്ങൾ ധരിപ്പിക്കാ൯ ഒരു ദിവസം മുഴുവ൯ സ: മാനുവലിനെയും എന്നെയും ഇരുത്തിക്കൊണ്ട് അഡ്വ. പ്രകാശിന് കാര്യങ്ങൾ ഡിക്റ്റേറ്റ് ചെയ്തുകൊടുത്ത ആ അഡ്വ. എം.കെ.ഡി.യെയും ഒരിക്കലും ഞങ്ങൾക്ക് മറക്കാനാവില്ല. 10 വനിതാസഖാക്കളെ പിരിച്ചുവിടാ൯ ഉദ്ദേശിച്ചുകൊണ്ട് നൽകിയ ചാ൪ജ് ഷീറ്റുകൾ മഹാനായ അഡ്വ. ജി. ജനാ൪ദ്ദനക്കുറുപ്പ് നേരിട്ട് ഹാജരായി ട്രൈബ്യൂണലിൽ ഹാജരായി പ്രസ്തുത ചാ൪ജ് ഷീറ്റുകൾ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് നേടിയെടുത്തെങ്കിലും അന്നത്തെ എ.ജി.യും ഡിപ്പാ൪ട്ടുമെന്റും കേന്ദ്ര സ൪ക്കാരും ഹൈക്കോടതിയിൽ നിന്ന് സ്റ്റേ സന്പാദിച്ചു. പിന്നീട് ഹൈക്കോടതിയിൽ ആ കേസ് പരിഗണിച്ചപ്പോൾ എം.കെ.ഡി. തന്നെ നേരിട്ട് വനിതകൾക്കുവേണ്ടി ഹാജരായി എ.ജി.യുടെ അപ്പീൽ തള്ളിക്കൊണ്ട് മാത്രമല്ല എ.ജി.ക്കെതിരെ കൊടുത്ത പരാതിയുടെ പേരിൽ ഒരിക്കലും ആ വനിതകൾക്കെതിരെ ഒരു നടപടിയും എടുക്കരുതെന്ന ക൪ശന നി൪ദേശവും ഡിപ്പാ൪ട്ടുമെന്റിന് നൽകിക്കൊണ്ടുമുള്ള ഉത്തരവാണ് നേടിയെടുത്തത്. തന്റെ ഉയ൪ന്ന പദവി തനിക്കിഷ്ടമുള്ളതുപോലെ ദുരുപയോഗം ചെയ്തും കീഴ് ജീവനക്കാരെ അടക്കിഭരിക്കാമെന്ന് ചിന്തിച്ച ഒരു ഭരണാധികാരിയുടെ ധാ൪ഷ്ട്യത്തിന് കിട്ടിയ എണ്ണം പറഞ്ഞ മറുപടിയായിരുന്നു ആ വിധി. അകാലത്തിൽ മരണപ്പെട്ട സ: അരുണയുടെ മകനെ അയാൾക്ക് ആശ്രിതാനുകൂല്യ നിയമനം ലഭിച്ച് മാസങ്ങൾക്കുശേഷം കാരണമൊന്നും കാണിക്കാതെ ടെ൪മിനേറ്റ് ചെയ്ത സംഭവത്തിലും അദ്ദേഹം തന്നെ ട്രൈബ്യൂണലിൽ ഹാജരായി ആ ടെ൪മിനേഷ൯ ഉത്തരവ് റദ്ദാക്കിച്ചെങ്കിലും പ്രസ്തുത ഉത്തരവിലെ ചില അവ്യക്തതകൾ കാരണം അ൪ജുന് സ൪വീസിൽ തിരികെ പ്രവേശിക്കാനാകാതെ വന്നു. അപ്പോഴും അദ്ദേഹം തന്നെ നി൪ദേശിച്ചതനുസരിച്ച് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ആരോഗ്യകാരണങ്ങളാലും മറ്റുചില തിരക്കുകൾ കാരണങ്ങളാലും ഹൈക്കോടതിയിൽ വിചാരണ നീണ്ടുപോയ സന്ദ൪ഭത്തിലാണ് അദ്ദേഹത്തിന്റെ അകാലത്തിലെ വേ൪പാട് സംഭവിക്കുന്നത്. മറ്റുള്ളവരിൽ നിന്ന് വാങ്ങുന്ന നിരക്കിലുള്ള ഫീസ് ഞങ്ങളിൽ നിന്ന് വാങ്ങാതെയാണ് ഞങ്ങളുടെ കേസുകൾ നടത്താ൯ അദ്ദേഹം തന്റെ വിലപ്പെട്ട സമയവും ബുദ്ധിയും പരിചയസന്പന്നതയും ചെലവഴിച്ചത് എന്നോ൪ക്കുന്പോൾ ഞങ്ങളുടെ വികാരം പ്രകടിപ്പിക്കാ൯ വാക്കുകൾ കിട്ടുന്നില്ല.
ഒരിക്കൽ കൂടി ആ സ്മരണക്കുമുന്പിൽ ഞങ്ങളുടെ അശ്രുപുഷ്പങ്ങൾ അ൪പിക്കുന്നു.
ഓഡിറ്റ് ആന്റ് അക്കൌണ്ട്സ് അസോസിയേഷ൯ പ്രവ൪ത്തക൪,
ഏജീസ് ഓഫീസ്, കേരളം.