Wednesday, 3 July 2024

ഒരു സർകാർ ഓഫീസിൽ അനുവാദം കൂടാതെ കടന്നുചെന്ന് അവിടെ പല കാര്യങ്ങൾക്കായി വന്നിരിക്കുന്ന ജനങ്ങളെ കണ്ട് സംസാരിച്ച് അവരുടെ പരാതികൾക്ക് തങ്ങൾ നിൽക്കുമ്പോൾ തന്നെ പരിഹാരം കാണണമെന്നും ഇത് മുഴുവൻ ജനങ്ങളും തങ്ങളുടെ മാധ്യമത്തിലൂടെ ലൈവായി കണ്ടുകൊണ്ടിരിക്കുകയാണെന്നും ആ സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരുടെയും അറ്റൻഡൻസ് രജിസ്റ്റർ, പരാതികൾ കൈകാര്യം ചെയ്യുന്നതിന്റെ ഫയലുകളും മറ്റ് രേഖകളും  ഉൾപെടെയുള്ളവ തങ്ങളെ കാണിക്കണമെന്നും പറഞ്ഞ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് എന്തുതരം മാധ്യമപ്രവർത്തനമാണ്? മരംകൊള്ളക്കാരുടെ ചാനലിൽ ഇരുന്ന് സംഘി മാ.പ്ര. നടത്തിയ ഭരണം ഇനി ഈ ജനാധിപത്യ രാജ്യത്ത് ആവർത്തിക്കരുത്. അവർ ചെയ്യുന്നത് ആർക്കൊക്കെയോ വേണ്ടിയുള്ള (അ)രാഷ്ട്രീയ പ്രചരണമാണ്. സർകാരും ഭരണസംവിധാനവും ഇത് അനുവദിക്കരുത്. ഇവർ ക്യാമറയും മൈക്കും പിടിച്ചുവന്നാൽ ഓഫീസിനുള്ളിൽ അവർ കയറരുതെന്ന് പറയാനും അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതിരിക്കാനും ഉദ്യോഗസ്ഥർ സംഘടനാവ്യത്യാസമില്ലാതെ തയ്യാറാകണം. ജീവനക്കാരുടെ സേവനത്തിൽ തൃപ്തി വരാത്തവർക്ക് മേലുദ്യോഗസ്ഥർക്ക് പരാതി നൽകാനും അത് പരിശോധിക്കാൻ ആഭ്യന്തര പരിശോധന, വിജിലൻസ്, ലോക്കൽ ആഡിറ്റ്, സിഎജി ആഡിറ്റ്, കോടതി മുതലായ സംവിധാനങ്ങൾ ഇവിടെ സജീവമായി തന്നെയുണ്ട്. ഇതൊന്നും ഫലപ്രദമല്ലെന്നും തങ്ങൾക്ക് മാത്രമേ ജനങ്ങളോട് ആത്മാർത്ഥമായ ബാധ്യതയും കടപ്പാടും ഉള്ളൂ എന്ന അരാഷ്ട്രീയ ചിന്ത സമൂഹത്തിൽ വരുത്തിത്തീർക്കുക എന്നതാണ് ഇക്കൂട്ടരുടെ അജണ്ട. സർകാരും എല്ലാ തട്ടിലുമുള്ള ഭരണാധികാരികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജീവനക്കാരും പൊതുസമൂഹവും ഇത് തിരിച്ചറിയണം. ഈ തോന്ന്യാസം ഇവിടെ അനുവദിക്കരുത്. ശക്തമായ എതിർപുകൾ ഉയരണം, നിലപാടുകൾ ഉണ്ടാകണം.