Wednesday, 3 July 2024

ഒരു സർകാർ ഓഫീസിൽ അനുവാദം കൂടാതെ കടന്നുചെന്ന് അവിടെ പല കാര്യങ്ങൾക്കായി വന്നിരിക്കുന്ന ജനങ്ങളെ കണ്ട് സംസാരിച്ച് അവരുടെ പരാതികൾക്ക് തങ്ങൾ നിൽക്കുമ്പോൾ തന്നെ പരിഹാരം കാണണമെന്നും ഇത് മുഴുവൻ ജനങ്ങളും തങ്ങളുടെ മാധ്യമത്തിലൂടെ ലൈവായി കണ്ടുകൊണ്ടിരിക്കുകയാണെന്നും ആ സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരുടെയും അറ്റൻഡൻസ് രജിസ്റ്റർ, പരാതികൾ കൈകാര്യം ചെയ്യുന്നതിന്റെ ഫയലുകളും മറ്റ് രേഖകളും  ഉൾപെടെയുള്ളവ തങ്ങളെ കാണിക്കണമെന്നും പറഞ്ഞ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് എന്തുതരം മാധ്യമപ്രവർത്തനമാണ്? മരംകൊള്ളക്കാരുടെ ചാനലിൽ ഇരുന്ന് സംഘി മാ.പ്ര. നടത്തിയ ഭരണം ഇനി ഈ ജനാധിപത്യ രാജ്യത്ത് ആവർത്തിക്കരുത്. അവർ ചെയ്യുന്നത് ആർക്കൊക്കെയോ വേണ്ടിയുള്ള (അ)രാഷ്ട്രീയ പ്രചരണമാണ്. സർകാരും ഭരണസംവിധാനവും ഇത് അനുവദിക്കരുത്. ഇവർ ക്യാമറയും മൈക്കും പിടിച്ചുവന്നാൽ ഓഫീസിനുള്ളിൽ അവർ കയറരുതെന്ന് പറയാനും അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതിരിക്കാനും ഉദ്യോഗസ്ഥർ സംഘടനാവ്യത്യാസമില്ലാതെ തയ്യാറാകണം. ജീവനക്കാരുടെ സേവനത്തിൽ തൃപ്തി വരാത്തവർക്ക് മേലുദ്യോഗസ്ഥർക്ക് പരാതി നൽകാനും അത് പരിശോധിക്കാൻ ആഭ്യന്തര പരിശോധന, വിജിലൻസ്, ലോക്കൽ ആഡിറ്റ്, സിഎജി ആഡിറ്റ്, കോടതി മുതലായ സംവിധാനങ്ങൾ ഇവിടെ സജീവമായി തന്നെയുണ്ട്. ഇതൊന്നും ഫലപ്രദമല്ലെന്നും തങ്ങൾക്ക് മാത്രമേ ജനങ്ങളോട് ആത്മാർത്ഥമായ ബാധ്യതയും കടപ്പാടും ഉള്ളൂ എന്ന അരാഷ്ട്രീയ ചിന്ത സമൂഹത്തിൽ വരുത്തിത്തീർക്കുക എന്നതാണ് ഇക്കൂട്ടരുടെ അജണ്ട. സർകാരും എല്ലാ തട്ടിലുമുള്ള ഭരണാധികാരികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജീവനക്കാരും പൊതുസമൂഹവും ഇത് തിരിച്ചറിയണം. ഈ തോന്ന്യാസം ഇവിടെ അനുവദിക്കരുത്. ശക്തമായ എതിർപുകൾ ഉയരണം, നിലപാടുകൾ ഉണ്ടാകണം.

Thursday, 27 June 2024

നുണ മാത്രം പറയുകയും മറ്റുള്ളവരെ അത് സത്യമാണെന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നവരെ നമ്മൾ എങ്ങനെ തിരിച്ചറിയും  / മനസ്സിലാക്കും? ഇപ്പോഴത്തെ വളരെ ഗുരുതരമായ പ്രശ്നമാണിത് എന്നാണ് എനിക്ക് തോന്നുന്നത്. മാ.പ്ര.കളെ നമുക്ക് അറിയാം. അവരെ ഒന്നുകിൽ ഒഴിവാക്കാം. അല്ലെങ്കിൽ ആ ബോധത്തോടെ നമുക്ക് അവരെ കേൾക്കാം/കാണാം/വായിക്കാം. പക്ഷെ നേരിട്ടും സോഷ്യൽ മീഡിയയിലും നമ്മൾ കാണുന്ന/സംസാരിക്കുന്ന/കേൾക്കുന്ന/വായിക്കുന്ന ആളുകളെ (പരിചയക്കാരെ/സുഹൃത്തുക്കളെ) എങ്ങനെ മനസ്സിലാക്കും എന്നതാണ് എന്റെ പ്രശ്നം. അവരെ തിരുത്താൻ ശ്രമിച്ചിട്ട് കാര്യമില്ല. ചില കാര്യങ്ങൾ അവരുടെ തലയിൽ അങ്ങനെതന്നെ കയറുന്നതാകാം. അല്ലെങ്കിൽ ബോധപൂർവം അവർ നുണ പ്രചരിപ്പിക്കുന്നവരാകാം. രണ്ടായാലും അവരെ ഒഴിവാക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. പക്ഷെ അങ്ങനെയുള്ളവരെ തിരിച്ചറിയാൻ കഴിയണം. അതാണ് നമ്മുടെ വെല്ലുവിളി. എല്ലാ സുഹൃത്തുക്കളും യഥാർത്ഥ സുഹൃത്തുക്കളല്ല എന്നുവേണം ആദ്യം മനസ്സിലാക്കാൻ.

Wednesday, 26 June 2024

1) കൊളോണിയൽ സംസ്കാരത്തിന്റെ അവശിഷ്ടവും വിഴുപ്പും പോലീസിൽ നിന്ന് തുടച്ചുനീക്കണമെന്ന് നിർദേശിച്ച ജഡ്ജിയേമാന് അത് ആദ്യം സ്വന്തം ജുഡീഷ്യറിയിൽ നിന്ന് മാറ്റണമെന്നല്ലേ തോന്നേണ്ടിയിരുന്നത്?

2) തിരുവനന്തപുരംകാർ ജയിപ്പിച്ച സ്വന്തം എംപിക്ക് പാർലമെന്റിൽ ഇന്നലെയും ഇന്നുമായി എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുന്നത് മുൻകൂട്ടി അറിയാമായിരുന്നിട്ടും അമേരിക്കയിൽ നിന്ന് വരാനൊത്തില്ല. ഇനി 5 വർഷത്തേക്ക് ഒന്നും ചെയ്യേണ്ടല്ലോ അല്ലേ?

Sunday, 30 December 2018



സഖാവ് എന്‍.ബി. ത്രിവിക്രമന്‍ പിള്ളയെ സ്മരിക്കുമ്പോൾ.........

ഏജീസ് ഓഫീസ് എന്‍.ജി.ഓ. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആയിരിക്കെ ഭരണഘടനയുടെ 311(2)(c) വകുപ്പ് ദുരുപയോഗിച്ച് ഇന്ത്യന്‍ രാഷ്ട്രപതി സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട സ: എന്‍.ബി. ത്രിവിക്രമന്‍ പിള്ള നിര്യാതനായിട്ട് ഇന്ന് 15 വര്‍ഷം തികയുന്നു.

അറുപതുകളിലും എഴുപതുകളിലും കേരളത്തിലെ ഏജീസ് ഒഫീസില്‍ ജീവനക്കാർ നേരിടേണ്ടി വന്നിരുന്ന അടിമസമാനമായ അന്തരീക്ഷത്തില്‍ നിന്നും അന്തസ്സും അഭിമാനവും ഉള്ളവരായി അവരെ മാറ്റിത്തീര്‍ത്ത നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിന്റെ പേരിലായിരുന്നു രാജ്യസുരക്ഷയ്ക്ക് അപകടം എന്ന കുറ്റം ചുമത്തി 1972 ഏപ്രില്‍ 22-ന് സഖാവിനെയും സ: പി.ടി. തോമസിനെയും പിരിച്ചുവിട്ടത്. 

2006-ൽ "ഞങ്ങളുടെ ജോലി ഞങ്ങൾ തന്നെ ചെയ്യും; അത് പുറം കരാർ നൽകാൻ അനുവദിക്കില്ല" എന്ന നിലപാട് എടുത്തതിന്റെ പേരിൽ നൂറിലധികം സഖാക്കൾ വേട്ടയാടപ്പെട്ടതിന്റെ മുറിവുകൾ ഇപ്പോഴും പേറുന്നവരാണ് ഞങ്ങൾ. പുതിയ ഭരണകൂടവും ഭരണാധികാരികളും ഉദ്യോഗസ്ഥ ദുഷ്പ്രമാണിത്തവും അവരുടെ അധികാര പ്രമത്തത ഞങ്ങളുടെ മേൽ ആവർത്തിക്കുമ്പോഴും "കീഴടങ്ങാൻ ഞങ്ങൾ തയ്യാറല്ല" എന്ന് അവരുടെ മുഖത്ത് നോക്കി പറയാൻ ഞങ്ങൾക്ക് ധൈര്യം തരുന്നത് സഖാവ് എൻ.ബി.ടി.യെ പോലുള്ള ധീര സഖാക്കളുടെ ഓർമകൾ മാത്രമാണ്.

ഞങ്ങൾക്കുവേണ്ടി പോരാടി സ്വജീവിതം ഹോമിച്ച മൺമറഞ്ഞവരും ഇപ്പോഴും ഞങ്ങൾക്ക് ആത്മവിശ്വാസം പകർന്നുകൊണ്ട് ജീവിച്ചിരിക്കുന്നവരുമായ എല്ലാ പൂർവ സൂരികളെയും ഞങ്ങൾ, ഏജീസ് ഓഫീസിലെ ആഡിറ്റ് ആൻഡ് അക്കൗണ്ട്സ് അസോസിയേഷൻ പ്രവർത്തകർ, ആദരിക്കുന്നു.

ലാൽ സലാം സഖാക്കളെ.........!!!!

Thursday, 2 November 2017

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ 2016 നവംബർ 8-നു രാത്രി രാജ്യത്തിന്റെ പ്രധാനമന്ത്രി പിൻവലിച്ചപ്പോൾ രാജ്യത്ത് നിലവിൽ ഉണ്ടായിരുന്ന നോട്ടുകളേക്കാൾ കൂടുതൽ നോട്ടുകൾ രാജ്യത്തെ ബാങ്കുകൾ വഴി റിസർവ് ബാങ്കിൽ എത്തിയിട്ടുണ്ട്. ആ കണക്കാണ് റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ പുറത്തുവിടാൻ മടിക്കുന്നത്. എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാഞ്ഞിട്ടല്ല; മറിച്ച് കള്ളപ്പണം വെളുപ്പിക്കാൻ കുത്തകകൾക്കും നികുതിവെട്ടിപ്പുകാർക്കും സ്വകാര്യ ബാങ്കുകൾ വഴി അവസരം ഉണ്ടാക്കാനാണ് ഈ നീക്കം നടത്തിയത്. കൂടാതെ ബി.ജെ.പി.-ക്കും ആർ.എസ്.എസ്.-നും സംഘപരിവാരത്തിലെ വിവിധ സംഘടനകൾക്കും വിദേശത്തുനിന്നും സ്വദേശത്തുനിന്നും കിട്ടിയ കണക്കിൽ പെടുത്താനാകാത്ത പണം വെളുപ്പിക്കാനും ഈ അവസരം ഉപയോഗിച്ചു. പൊതു മേഖലാ ബാങ്കുകളേക്കാൾ വിവിധ സ്വകാര്യ ബാങ്കുകൾ വഴിയാണ് പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ കൂടുതൽ വിപണിയിലേക്ക്‌ ഇറക്കിയത് എന്ന സത്യം മാധ്യമങ്ങൾ പോലും അന്നും ഇന്നും പറയാൻ മടിച്ചു; മടിക്കുന്നു. രാജ്യത്തെ ഇത്ര ഭയാനകമായ രീതിയിൽ കൊള്ളയടിച്ചതിനു പിന്നിലെ ഗൂഢാലോചനക്ക് ചരട് വലിച്ചവരെയും പിന്നിലും മുന്നിലും പ്രവർത്തിച്ചവരെയും തുറന്നു കാണിക്കാനും സത്യം ജനങ്ങളെ ബോധ്യപ്പെടുത്താനും ഈ ഭരണം നിലനിൽക്കുമ്പോൾ കഴിയില്ല. അതുകൊണ്ടുതന്നെ ഈ ഭരണം മാറേണ്ടത് രാജ്യത്തിന്റെ നിലനിൽപിന് ആവശ്യമാണ്. വർഗീയമായും വംശീയമായും ജാതി, മതം, ഭക്ഷണം, വിശ്വാസം, ഭാഷ, വസ്ത്രം, പ്രാദേശികത, ദേശീയത, തുടങ്ങിയ സങ്കുചിതമായ ചിന്തകൾ ജനങ്ങളിൽ വളർത്തുക വഴി രാജ്യത്തിന്റെ അഖണ്ഡതക്കും; രാജ്യങ്ങൾ തമ്മിലും മറ്റ് രാജ്യങ്ങൾക്കകത്തും ഇത്തരം വികാരങ്ങൾ ഉയർത്തിക്കൊണ്ട് ലോകമാകെ സംഘർഷാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്ന അമേരിക്ക-ഇസ്രായേൽ കൂട്ടുകെട്ടിന്റെ താൽപര്യങ്ങൾക്ക് സർവവിധ പിന്തുണയും കൊടുക്കുക വഴി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും ഭീഷണി ഉയർത്തുക കൂടിയാണ് ഈ സർക്കാർ. എത്രയും പെട്ടെന്ന് ഈ സർക്കാർ അധികാരത്തിൽ നിന്ന് പുറത്തുപോകണം. ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള നീണ്ടുനിൽക്കുന്ന തുടർച്ചയായ പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കുക മാത്രമേ നമുക്ക് പോംവഴിയായുള്ളു. അതിനു തയ്യാറെടുക്കാൻ ഓരോരുത്തരും തയ്യാറാകുക; മറ്റുള്ളവരെ തയ്യാറാക്കുക. നവംബർ 9  മുതൽ എല്ലാ ദേശീയവും പ്രാദേശികവുമായ ട്രേഡ് യൂണിയനുകളുടെയും കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ദില്ലിയിലും അതിന് അനുബന്ധമായി രാജ്യമാകെയും നടക്കുന്ന പ്രക്ഷോഭങ്ങൾ '90 മുതൽ രാജ്യത്ത് നടന്നുവരുന്ന സമരങ്ങളുടെ ഒരു സുപ്രധാന നാഴികക്കല്ലാകട്ടെ..... 

Wednesday, 16 August 2017

അഡ്വ. എം.കെ. ദാമോദരന് ആദരാഞ്ജലികൾ.......

അഡ്വ. എം.കെ. ദാമോദരന്റെ ഓ൪മക്കുമുന്പിൽ ഓഡിറ്റ് ആന്റ് അക്കൌണ്ട്സ് അസോസിയേഷന്റെ യും കേരളത്തിലെ അക്കൌണ്ടന്റ് ജനറൽ ഓഫീസിലെ ജീവനക്കാരുടെയും ആദരാഞ്ജലികൾ.......

2006 ഡിസംബറിൽ അന്നത്തെ എ.ജി.യുടെ ഏകാധിപത്യ നടപടികൾക്കെതിരെ ജീവനക്കാ൪ നടത്തിയ ചെറുത്തുനിൽപ് സമരത്തിനെ തുട൪ന്ന് സ൪വീസിൽ നിന്ന് പിരിച്ചുവിടപ്പെട്ട സഖാക്കൾ കെ.എ. മാനുവൽ, എസ്. അനിൽ എന്നിവ൪ക്കുവേണ്ടി എറണാകുളത്തെ കേന്ദ്ര അഡ്മിനിസ് ട്രേറ്റീവ് ട്രൈബ്യൂണലിൽ നേരിട്ട് ഹാജരായി കേസ് വാദിച്ച് അനുകൂല തീരുമാനം നേടിത്തന്ന എം.കെ.ഡി. എന്ന ത്രൈക്ഷര പ്രതിഭാസത്തെ അത്ഭുതാദരങ്ങളോടെ മാത്രമേ ഞങ്ങൾക്ക് സ്മരിക്കാ൯ കഴിയൂ. അതിനുപുറമെ എന്നെ സ്ഥിരമായി ക്ല൪ക്ക് തസ്തികയിലേക്ക് തരംതാഴ് ത്തിയ നടപടി ചോദ്യം ചെയ്ത് എനിക്കുവേണ്ടി അദ്ദേഹം തന്നെ ട്രൈബ്യൂണലിൽ ഹാജരായെങ്കിലും വിധി എതിരായിപ്പോയി. ഹൈക്കോടതി സാങ്കേതിക കാരണങ്ങളാൽ എന്റെ അപ്പീൽ തള്ളിയതിനെ തുട൪ന്ന് അദ്ദേഹം തന്നെ മു൯കൈ എടുത്ത് അഡ്വ. പ്രകാശിനെ ദില്ലിയിൽ നിന്ന് വരുത്തി സുപ്രീം കോടതിയിലേക്ക് വക്കാലത്ത് കൊടുപ്പിച്ചു. അദ്ദേഹം തന്നെ നി൪ദേശിച്ച സീനിയ൪ അഡ്വക്കേറ്റുമാരെ കേസിന്റെ വിശദാംശങ്ങൾ ധരിപ്പിക്കാ൯ ഒരു ദിവസം മുഴുവ൯ സ: മാനുവലിനെയും എന്നെയും ഇരുത്തിക്കൊണ്ട് അഡ്വ. പ്രകാശിന് കാര്യങ്ങൾ ഡിക്റ്റേറ്റ് ചെയ്തുകൊടുത്ത ആ അഡ്വ. എം.കെ.ഡി.യെയും ഒരിക്കലും ഞങ്ങൾക്ക് മറക്കാനാവില്ല. 10 വനിതാസഖാക്കളെ പിരിച്ചുവിടാ൯ ഉദ്ദേശിച്ചുകൊണ്ട് നൽകിയ ചാ൪ജ് ഷീറ്റുകൾ മഹാനായ അഡ്വ. ജി. ജനാ൪ദ്ദനക്കുറുപ്പ് നേരിട്ട് ഹാജരായി ട്രൈബ്യൂണലിൽ ഹാജരായി പ്രസ്തുത ചാ൪ജ് ഷീറ്റുകൾ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് നേടിയെടുത്തെങ്കിലും അന്നത്തെ എ.ജി.യും ഡിപ്പാ൪ട്ടുമെന്റും കേന്ദ്ര സ൪ക്കാരും ഹൈക്കോടതിയിൽ നിന്ന് സ്റ്റേ സന്പാദിച്ചു. പിന്നീട് ഹൈക്കോടതിയിൽ ആ കേസ് പരിഗണിച്ചപ്പോൾ എം.കെ.ഡി. തന്നെ നേരിട്ട് വനിതകൾക്കുവേണ്ടി ഹാജരായി എ.ജി.യുടെ അപ്പീൽ തള്ളിക്കൊണ്ട് മാത്രമല്ല  എ.ജി.ക്കെതിരെ കൊടുത്ത പരാതിയുടെ പേരിൽ ഒരിക്കലും ആ വനിതകൾക്കെതിരെ ഒരു നടപടിയും എടുക്കരുതെന്ന ക൪ശന നി൪ദേശവും ഡിപ്പാ൪ട്ടുമെന്റിന് നൽകിക്കൊണ്ടുമുള്ള ഉത്തരവാണ് നേടിയെടുത്തത്. തന്റെ ഉയ൪ന്ന പദവി തനിക്കിഷ്ടമുള്ളതുപോലെ ദുരുപയോഗം ചെയ്തും കീഴ് ജീവനക്കാരെ അടക്കിഭരിക്കാമെന്ന് ചിന്തിച്ച ഒരു ഭരണാധികാരിയുടെ ധാ൪ഷ്ട്യത്തിന് കിട്ടിയ എണ്ണം പറഞ്ഞ മറുപടിയായിരുന്നു ആ വിധി. അകാലത്തിൽ മരണപ്പെട്ട സ: അരുണയുടെ മകനെ അയാൾക്ക് ആശ്രിതാനുകൂല്യ നിയമനം ലഭിച്ച് മാസങ്ങൾക്കുശേഷം കാരണമൊന്നും കാണിക്കാതെ ടെ൪മിനേറ്റ് ചെയ്ത സംഭവത്തിലും അദ്ദേഹം തന്നെ ട്രൈബ്യൂണലിൽ ഹാജരായി ആ ടെ൪മിനേഷ൯ ഉത്തരവ് റദ്ദാക്കിച്ചെങ്കിലും പ്രസ്തുത ഉത്തരവിലെ ചില അവ്യക്തതകൾ കാരണം അ൪ജുന് സ൪വീസിൽ തിരികെ പ്രവേശിക്കാനാകാതെ വന്നു. അപ്പോഴും അദ്ദേഹം തന്നെ നി൪ദേശിച്ചതനുസരിച്ച് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ആരോഗ്യകാരണങ്ങളാലും മറ്റുചില തിരക്കുകൾ കാരണങ്ങളാലും ഹൈക്കോടതിയിൽ വിചാരണ നീണ്ടുപോയ സന്ദ൪ഭത്തിലാണ് അദ്ദേഹത്തിന്റെ അകാലത്തിലെ വേ൪പാട് സംഭവിക്കുന്നത്.  മറ്റുള്ളവരിൽ നിന്ന് വാങ്ങുന്ന നിരക്കിലുള്ള ഫീസ് ഞങ്ങളിൽ നിന്ന് വാങ്ങാതെയാണ് ഞങ്ങളുടെ കേസുകൾ നടത്താ൯ അദ്ദേഹം തന്റെ വിലപ്പെട്ട സമയവും ബുദ്ധിയും പരിചയസന്പന്നതയും ചെലവഴിച്ചത് എന്നോ൪ക്കുന്പോൾ ഞങ്ങളുടെ വികാരം പ്രകടിപ്പിക്കാ൯ വാക്കുകൾ കിട്ടുന്നില്ല.

ഒരിക്കൽ കൂടി ആ സ്മരണക്കുമുന്പിൽ ഞങ്ങളുടെ അശ്രുപുഷ്പങ്ങൾ അ൪പിക്കുന്നു.

ഓഡിറ്റ് ആന്റ് അക്കൌണ്ട്സ് അസോസിയേഷ൯ പ്രവ൪ത്തക൪,

ഏജീസ് ഓഫീസ്, കേരളം.

Sunday, 5 March 2017

ഓര്‍മകള്‍ ഉണ്ടായിരിക്കണം

ഓര്‍മകള്‍ ഉണ്ടായിരിക്കണം......

ഇന്ന് മാര്‍ച്ച് 5.....
ഓഡിറ്റ് അസോസിയേഷന്‍-II ജനറല്‍ സെക്രട്ടറി ആയിരുന്ന സഖാവ് കെ.എ. മാനുവല്‍ സര്‍വീസില്‍ നിന്ന് ഡിസ്മിസ് ചെയ്യപ്പെട്ടിട്ട് ഇന്ന് 8 വര്‍ഷം തികയുന്നു. 2009 മാര്‍ച്ച് 5. എന്‍റെ രണ്ടാമത്തെ റൂള്‍ 14 ചാര്‍ജ് ഷീറ്റിനെ അടിസ്ഥാനപ്പെടുത്തി യുള്ള ഡിപ്പാര്‍ട്മെന്‍റ് തല എന്‍ക്വയറി നീണ്ട അവധിക്കുശേഷം പുനരാരംഭിക്കുന്ന ദിവസം. സാക്ഷിവിസ്താരം അടുത്തദിവസം തുടങ്ങാമെന്നും  അന്നത്തെ നടപടിക്രമം അവസാനിപ്പിക്കാമെന്നും തീരുമാനിച്ച് എന്‍ക്വയറി ഓഫീസര്‍ ആയിരുന്ന ഡെപ്യൂട്ടി എ.ജി. ഭാസ്കരന്‍ സാര്‍ അന്നത്തെ ഡെയിലി ഓര്‍ഡര്‍ ഷീറ്റ് തയ്യാറാക്കാന്‍ തുടങ്ങിയപ്പോഴാണ് എന്‍റെ മൊബൈലില്‍ ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത വന്നത് - 'മാനുവലിനെ ഡിസ്മിസ് ചെയ്തു'. കുറച്ചുനാളുകള്‍ക്ക് മുന്നേ തന്നെ മാനുവല്‍ പറയുന്നുണ്ടായിരുന്നു, തന്നെ ഡിസ്മിസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന്‍. അത്തരത്തില്‍ ഉള്ള വിവരം ഓഡിറ്റ് അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് സഖാവിന് ലഭിക്കുന്നുണ്ടായിരുന്നു. സാക്ഷാല്‍ വിനോദ് റായ് - അന്നത്തെ കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ -  അദ്യത്തോട് തന്നെ നേരിട്ട് ചോദിച്ചിരുന്നു - അങ്ങനെ അദ്യത്തോട് ചോദിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്ന് അദ്യം തന്നെ പലയാവര്‍ത്തി സമ്മതിച്ചിട്ടുള്ള ആള് തന്നെ - ഇങ്ങനെയൊരു വാര്‍ത്ത കേള്‍ക്കുന്നു, ശരിയാണോ എന്നറിയില്ല. അഥവാ അത്തരത്തില്‍ എന്തെങ്കിലും നീക്കമുണ്ടെങ്കില്‍ അത് തടയണം എന്ന്‍ അദ്യത്തോട് അപേക്ഷിക്കുകയും ചെയ്തു. പക്ഷേ താനൊന്നുമറിഞ്ഞില്ല, തന്നോടാരും ഒന്നും പറഞ്ഞില്ല-എന്നാണ് അദ്യം പറഞ്ഞത്. ഇന്ത്യന്‍ ഓഡിറ്റ് ബ്യൂറോക്രസിയുടെ ക്രൂരമായ ചതിയുടെ ആവര്‍ത്തനം ആയിരുന്നു അത്.

1972 ഏപ്രില്‍ 22-ന് ഓഫീസില്‍ നിന്ന് നേരത്തെ എല്ലാ ജീവനക്കാരെയും വീട്ടില്‍ പറഞ്ഞു വിട്ടതിനുശേഷം രഹസ്യമായി അന്നത്തെ ഏജീസ് ഓഫീസ് എന്‍.ജി.ഒ. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സഖാവ് എന്‍.ബി. ത്രിവിക്രമന്‍ പിള്ളയെയും സഖാവ് പി.ടി. തോമസിനെയും ഭരണഘടനയുടെ 311 (2)(C) ദുരുപയോഗിച്ച് രാഷ്ട്രപതി പിരിച്ചുവിട്ടു എന്ന അറിയിപ്പ് സംഘടനാ നേതാക്കള്‍ക്ക് നേരിട്ട് കൊടുക്കുമ്പോള്‍ അത് ചരിത്രമാകുകയായിരുന്നു - ഇന്ത്യന്‍ ബ്യൂറോക്രസിയുടെയും ഓഡിറ്റ് ബ്യൂറോക്രസിയുടെയും തൊഴിലാളി വര്‍ഗ വിരുദ്ധ നിലപാടിന്‍റെയും സംഘടനാവിരുദ്ധ നിലപാടിന്‍റെയും പ്രത്യക്ഷോദാഹരണത്തിന്‍റെ പുതിയ ചരിത്രം. തുടര്‍ന്ന് ഉണ്ടായ പ്രതിഷേധ സമര വേലിയേറ്റങ്ങളുടെയും പോലീസ് അതിക്രമങ്ങളുടെയും സസ്പെന്‍ഷനുകളുടെയും നാളുകളുടെ ഒരു ഘട്ടത്തില്‍ '73 ജനുവരി 4-ന്
സഖാക്കള്‍ എം. സുകുമാരന്‍, കെ.ടി. തോമസ്, എ.എന്‍. ഗോവിന്ദന്‍ നമ്പ്യാര്‍ എന്നിവര്‍ക്ക് ഡിസ്മിസ്സല്‍ നോട്ടീസ് ലഭിച്ചു. ജനുവരി 5 മുതല്‍ പെന്‍ഡൌണ്‍ സമരം. 10 സഖാക്കളെ സസ്പെന്‍റ് ചെയ്തു. 150-ലധികം പേരെ അറസ്റ്റ് ചെയ്തു.
സഖാക്കള്‍ കെ. എ. ബാലന്‍, എം. ഗംഗാധരക്കുറുപ്പ്, എം. ഗിരീശന്‍ നായര്‍, ജോണി ജോസഫ്, ജോര്‍ജ് വര്‍ഗീസ് കോട്ടപ്പുറത്ത് എന്നിവര്‍ക്ക് ടെര്‍മിനേഷന്‍ നോട്ടീസ് ലഭിച്ചു. സമരം 45 ദിവസം നീണ്ടുനിന്നു. രക്ഷകവേഷം കെട്ടി എത്തിയ കോണ്‍ഗ്രസ് നേതാക്കളെ വിശ്വസിച്ച് സമരം ഒത്തുതീര്‍ന്നു. ഒത്തുതീര്‍പ്പ് ഭരണകക്ഷിയും ഓഡിറ്റ് ബ്യൂറോക്രസിയും തമ്മിലായിരുന്നു എന്ന് ജീവനക്കാര്‍ തിരിച്ചറിഞ്ഞത് വളരെ വൈകിയായിരുന്നു. ജൂലൈ മാസത്തോടെ കുടിശ്ശിക ജോലികള്‍ ജീവനക്കാര്‍ ചെയ്തു തീര്‍ത്തു. പക്ഷേ ഡിസ്മിസ്സല്‍ നോട്ടീസ് ലഭിച്ചവരെയും ടെര്‍മിനേഷന്‍ നോട്ടീസ് ലഭിച്ചവരെയും പിരിച്ചുവിട്ടു. സസ്പെന്‍റ് ചെയ്യപ്പെട്ടവരെ തിരിച്ചെടുത്തെങ്കിലും അതിക്രൂരമായ വകുപ്പുതല ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കി. കുടിശ്ശിക ജോലി തീരുന്ന മുറക്ക് സമരകാലത്തെ ശമ്പളം തിരിച്ചുനല്‍കുമെന്ന വാഗ്ദാനവും കാറ്റില്‍ പറത്തി; 45 ദിവസത്തെ ഡയസ്നോണ്‍ എല്ലാ ജീവനക്കാര്‍ക്കും നല്‍കി. ഓഡിറ്റ് ബ്യൂറോക്രസിയുടെ ചതി കേരളത്തിലെ ഏജീസ് ഓഫീസ് ജീവനക്കാര്‍ നേരിട്ട് മനസ്സിലാക്കി. ഒത്തുതീര്‍പ്പിന് വന്ന നേതാക്കളുടെ ശുപാര്‍ശയില്‍ ചിലര്‍ ജോലിയില്‍ നേരിട്ട് പ്രവേശിച്ചു. അങ്ങനെ വര്‍ഗ ഐക്യം തകര്‍ത്തുകൊണ്ട് ആദ്യത്തെ രാഷ്ട്രീയ പ്രേരിത സംഘടന ഓഫീസില്‍ നിലവില്‍ വന്നു. ഇടതുപക്ഷ മാന്‍തോലിട്ടു നടന്നിരുന്ന ചിലരും ഈ സംഘടനയുടെ നേതാക്കന്മാരായതും ചരിത്രം.

സഖാവ് എസ്. അനിലിനെ പിരിച്ചുവിടുമെന്ന് സൂചന കിട്ടിത്തുടങ്ങിയപ്പോഴും അഴിമതിവിരുദ്ധനെന്നും ജനാധിപത്യ സംരക്ഷകനെന്നും കാര്യക്ഷമതയുള്ള ഭരണകര്‍ത്താവ് എന്നും പേര് അതിനകം സമ്പാദിച്ചുകഴിഞ്ഞ വിനോദ് റായിയെ വീണ്ടും ആദ്യം ബന്ധപ്പെട്ടയാള്‍ തന്നെ വിളിച്ചു. മറുപടിയും നേരത്തേത് തന്നെ. നവംബര്‍ 6-ന് അനിലിനെയും പിരിച്ചുവിട്ടു.

ഒരു പോരാട്ടവും അവസാനിക്കുന്നില്ല. രണ്ടു സഖാക്കളെയും തിരിച്ചെടുക്കണമെന്ന് എറണാകുളത്തെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിച്ചെങ്കിലും നടപ്പാക്കിയില്ല. കേരള ഹൈക്കോടതിയില്‍ സ്റ്റേ ചെയ്യപ്പെട്ട് വിചാരണക്കായി മാറ്റിവെക്കപ്പെട്ടിരിക്കുന്നു. നിയമപരമായും സംഘടനാപരമായും നമ്മള്‍ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നമുക്ക് തളര്‍ച്ച സംഭവിച്ചപ്പോള്‍ താങ്ങായി നിന്ന കേരളത്തിലെ സംഘടിത തൊഴിലാളിവര്‍ഗ കൂട്ടായ്മയെയും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളെയും ഒരിക്കലും മറക്കാനാവില്ല. അതുപോലെ തന്നെ ഒരേസമയം നമ്മുടെ സ്വന്തം ആളുകളെന്ന് മേനി നടിക്കുകയും നമുക്കെതിരെ അധികാരികളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത, ഇപ്പോഴും നമ്മുടെ സഹപ്രവര്‍ത്തകരായി നടിക്കുന്ന കഴുകന്‍റെ മനസ്സുള്ളവരെയും മറക്കാനാവില്ല. പക്ഷേ എല്ലാം ഓര്‍ക്കണം, എല്ലാവരെയും ഓര്‍ക്കണം, എന്നും ഓര്‍ക്കണം....
അതേ, ഓര്‍മകള്‍ ഉണ്ടായിരിക്കണം....
അഭിവാദ്യങ്ങളോടെ,
ആര്‍. കൃഷ്ണകുമാര്‍.